മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്: സന്ദീപ് വാര്യര്‍

മലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ സന്ദര്‍ശനത്തിനായി പാണക്കാട്ടെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. കുഞ്ഞാലിക്കുട്ടി ഉള്‍പെടെ ലീഗ് നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം, പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്.
മലപ്പുറവുമായി പൊക്കിള്‍ കൊടി ബന്ധമാണെന്ന് കൂടിക്കാഴിചക്ക് ശേഷം സന്ദീപ് പ്രതികരിച്ചു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്‌ക്കാരം മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സന്ദീപ് സി.പി.ഐയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എതിര്‍ പാര്‍ട്ടികള്‍ക്ക് ഷോക്ക് നല്‍കി കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ശനിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലേക്ക് എത്തിയ സന്ദീപിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.