Cancel Preloader
Edit Template

മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

 മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിന് പിന്നാലെ ജില്ലയില്‍ 10 പേര്‍ക്ക് കൂടി നിപ ലക്ഷണം. ഇവരുടെ സ്രവ സാമ്പിള്‍ ശേഖരിച്ചെന്നും കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച വൈകീട്ടോടെ പുറത്തുവരും.

നിപ്പ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0483 2732010, 0483 2732050 എന്നിവയാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍.

ബംഗളൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

24കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല, സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *