Cancel Preloader
Edit Template

കോഴിക്കോട്    ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി മഹിളാ മോര്‍ച്ച

 കോഴിക്കോട്    ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി മഹിളാ മോര്‍ച്ച

കോഴിക്കോട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ബിജെപിയുടെ വനിതാ സംഘടനയായ മഹിളാമോർച്ച. കോഴിക്കോട് വെസ്റ്റിഹില്ലിന് സമീപം കോന്നാട്‌ ബീച്ചിലെത്തിയ യുവതി യുവാക്കളെയാണ് ചൂലെടുത്തെത്ത് ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മഹിളാമോർച്ച പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്.

ഇനി ബീച്ചിലെത്തിയാൽ ചൂലെടുത്ത് അടിക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. ഇരുപതോളം സ്ത്രീകളാണ് ബീച്ചിൽ ചൂലെടുത്ത് എത്തിയത്. പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യം രൂക്ഷമായിട്ടുണ്ടെന്നും ഇതിനാലാണ് നടപടിയെന്നുമാണ്‌ ഇവരുടെ വിശദീകരണം.പ്രദേശത്ത് എത്തുന്നവർ മോശമായ പ്രവർത്തികളിൽ ഏർപ്പെടുകയാണെന്നും പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മഹിളമോർച്ച പ്രവർത്തകർ ആരോപിച്ചു. പ്രദേശത്ത് എത്തുന്ന യുവതി യുവാക്കളെ ചൂലുമായി രംഗത്തിറങ്ങി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഒരു സ്‌ക്വാഡ് രൂപീകരിക്കുമെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തങ്ങൾ നടത്തിയത് സദാചാര പോലീസിങ് അല്ലെന്നും യുവതി യുവാക്കളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. നിലവിൽ പരാതികളൊന്നും വന്നിട്ടില്ലാത്തതിനാൽ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
ബീച്ചിൽ ചൂലുമായി സ്ത്രീകൾ എത്തുമ്പോൾ പോലീസും സമീപത്തുണ്ടായിരുന്നു. അതേസമയം ബീച്ച് പോലുള്ള പൊതു ഇടത്തിൽ എത്തുന്നവരെ ഭീഷണിപ്പെടുത്താൻ ആർക്കാണ് അവകാശമെന്നും ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കാത്തത് പോലീസിന്റെ അനാസ്ഥയാണെന്നും സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നുണ്ട്. നാളെയും സമാനമായ രീതിയിൽ പ്രവർത്തനം ഉണ്ടാകുമെന്നും നാളെ രാവിലെ പത്ത് മണി മുതൽ ബീച്ചിലെത്തുന്ന യുവതി യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുമെന്നും മഹിളാമോർച്ച പ്രവർത്തകർ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *