ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 204 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്. ആകെ 290 സ്ഥാനാർഥികൾ പത്രിക നൽകിയതിൽ നിന്ന് സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ബാക്കിയുള്ളവരിൽ ആരൊക്കെ പത്രിക പിൻവലിക്കും എന്ന് ഇന്നറിയാം. അന്തിമ പട്ടിക പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമാകും.
നിലവിൽ 14 പേരുമായി കോട്ടയമാണ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോടും തിരുവനന്തപുരവുമാണ് രണ്ടാമത്. രണ്ടുമണ്ഡലത്തിലും 13 പേർ മത്സര രംഗത്തുണ്ട്. കണ്ണൂരും ചാലക്കുടിയിലും കൊല്ലത്തും 12 പേരും ആലപ്പുഴ, പാലക്കാട്, വടകര മണ്ഡലങ്ങളിൽ 11 പേരും മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാർഥികൾ ഉള്ളത് ആലത്തൂരാണ്. ആകെ 5 പേരാണ് ഇവിടെ നാമനിർദേശപത്രിക നല്കിയിരിക്കുന്നത്.
ഈ മാസം 26 നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ആലപ്പുഴ ഒഴികെയുള്ള 19 മണ്ഡലങ്ങളും യു.ഡി.എഫിന്റെ കയ്യിലാണ്. ഇത്തവണ കൂടുതൽ സീറ്റുകൾ നേടാൻ എൽ.ഡി.എഫും, 20 സീറ്റും നേടാൻ യു.ഡി.എഫും സജീവമായി പ്രചാരണ രംഗത്തുണ്ട്. എന്നാൽ ഒരു സീറ്റെങ്കിലും പിടിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.