ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ടം നാളെ, ഇന്ന് നിശബ്ദ പ്രചാരണം

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 93 മണ്ഡലങ്ങളിലാണ് നാളെ ജനം തങ്ങളുടെ വിധി വോട്ടായി രേഖപ്പെടുത്തുക. ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാർഥികളും പാർട്ടികളും. 1,351 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.
10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായാണ് 93 മണ്ഡലങ്ങൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ. പോളിങ് കുറയുന്നതോടെ ജനം ആർക്കൊപ്പമാണെന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയിലാണ് പാർട്ടികൾ.
ദക്ഷിണേന്ത്യയിലെ കർണാടകയിൽ ഉൾപ്പെടെ മൂന്നാം ഘട്ടത്തിൽ ജനം വിധി എഴുതും. കർണാടക – 14, മഹാരാഷ്ട്ര – 11, ഉത്തർപ്രദേശ് – 10, മധ്യപ്രദേശ് -എട്ട്, ഛത്തീസ്ഗഡ് – 7, ബിഹാർ – 5, പശ്ചിമബംഗാൾ – 4, അസം – 4, ഗോവ – 2 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചിരുന്നു.