ലോക്സഭ തെരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിലെ 96 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 96 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധി എഴുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലും ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തർപ്രദേശിൽ 13, ബീഹാറിൽ അഞ്ച്, ജാർഖണ്ഡിൽ നാല്, മധ്യപ്രദേശിൽ എട്ട്, മഹാരാഷ്ട്രയിൽ 11, ഒഡീഷയിൽ നാല്, പശ്ചിമ ബംഗാളിൽ എട്ട്, ജമ്മു കശ്മീരിൽ ഒന്ന് എന്നിങ്ങനെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.
ഈ റൗണ്ടിൽ യോഗ്യരായ 17.70 കോടിയിലധികം വോട്ടർമാരാണുള്ളത്. 1.92 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 19 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.