Cancel Preloader
Edit Template

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

 ലോക്‌സഭാ തെരഞ്ഞെടുപ്പ്; 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ലോകസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. ചൂടു പിടിച്ച പ്രചാരണങ്ങള്‍ക്ക് ശേഷവും ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക.

ഗുജറാത്തില്‍ 25 ഉം കര്‍ണാടകയിലെ 14 ഉം മഹാരാഷ്ട്രയില്‍ 11ഉം, ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങളും മധ്യപ്രദേശില്‍ 8 ഉം ഛത്തീസ്ഗഡില്‍ 7ഉം ബിഹാറില്‍ അഞ്ചും പശ്ചിമബംഗാളിലും അസംമിലും നാല് സീറ്റുകളിലും ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ജമ്മു കാശ്മീരിലെ അനന്തനാഥ് രചൗരിയിലെ വോട്ടെടുപ്പ് മെയ് 25 ലേക്ക് മാറ്റി. ഗുജറാത്തിലെ സൂറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1,351 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്രമന്ത്രി അമിത് ഷാ, പോര്‍ബന്ദറില്‍ കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, മധ്യപ്രദേശിലെ ഗുണിയില്‍ കേന്ദ്രമന്ത്രി ജ്യോതി രാദിത്യ സിന്ധ്യ, രാജ്ഗഡില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്, വിദിഷയില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മഹാരാഷ്ട്രയിലെ ബാരാമതിയില്‍ എന്‍.സി.പിയിലെ സുപ്രിയ സുലെ, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവ്, പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂരില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കര്‍ണാടകയിലെ ധാര്‍വാഡില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.

ബി.ജെ.പി വിമതന്‍ കെ.എസ് ഈശ്വരപ്പയുടെ സാന്നിധ്യം കര്‍ണാടകയിലെ ശിവമൊഗ്ഗയിലെ മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഈശ്വരപ്പ സിറ്റിങ് എം.പി ബി.ജെ.പിയിലെ ബി.വൈ രാഘവേന്ദ്രയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗീതാ ശിവരാജ്കുമാര്‍ വിജയപ്രതീക്ഷയിലാണ്. പ്രധാനമന്ത്രി അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും.

ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മൂന്നാംഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍.ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 66.14 ശതമാനവും 26ന് നടന്ന രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ്.

Related post

Leave a Reply

Your email address will not be published. Required fields are marked *