വയനാട് കൽപറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ
കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട്ടിലെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. ബൈപ്പാസിന് മുകളിലുള്ള മലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെളിയും വെള്ളവും റോഡിലേക്ക് ഇറങ്ങിയാണ് ഗതാഗതം തടസ്സപ്പെട്ടത്. റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്. മഴ വിവിധ ഇടങ്ങളിൽ വെള്ള കയറുന്നതിനും മറ്റും കാരണമായതോടെ ജില്ലയിലെ നാല് ഇടങ്ങളിൽ ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴയ്ക്കാണ് സാധ്യത. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്റസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.
വയനാട് ജില്ലയിൽ കാലവർഷം ശക്തമായി തുടരുകയാണ്. സാഹചര്യം വിലയിരുത്താൻ ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു. ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയായ വായനാട്ടിൽ സര്‍ക്കാർ – സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.