ന്യൂമാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെകൊടി സുനിയുടെ പരോൾ ; സാക്ഷികളെ സ്വാധീനിക്കുമെന്ന് ബിജെപി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോൾ ലഭിച്ച് പുറത്തിറങ്ങിയത്, ഇയാൾ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെയാണ്. ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.
ന്യൂ മാഹി ഇരട്ടക്കൊല കേസ് 2010ൽ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊന്ന കേസാണ്. ഈ കേസിൽ കൊടി സുനി രണ്ടാം പ്രതിയാണ്. ഈ മാസം 22നാണ് തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങുന്നത്. ഇതിനിടെയാണ് അമ്മയുടെ അപേക്ഷ പരിഗണിച്ച് ജയിൽ വകുപ്പ് അനുവദിച്ച പരോളിൽ കൊടി സുനി കഴിഞ്ഞ ദിവസം തവനൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ടി.പി കേസിൽ ശിക്ഷിച്ച ശേഷവും നിരവധി കേസുകളിൽ പ്രതിയാണ് കൊടി സുനി.
കൊടി സുനിയുടെ അമ്മ മകന് പരോൾ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിച്ചു . എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കൊടി സുനിയ്ക്ക് പരോൾ അനുവദിച്ചതിനെതിരെ കെ.കെ രമ എംഎൽഎ അടക്കമുള്ളവർ ശക്തമായി രംഗത്തെത്തി.