സി കെ നായിഡു ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ ലീഡിനായി കേരളം
സി കെ നായിഡു ട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 205 റൺസെന്ന നിലയിലാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 43 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 62 റൺസെടുത്ത രോഹൻ നായരുടെ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോർ 300 കടത്തിയത്. ജിഷ്ണുവും പവൻ രാജും ഒരു റൺ വീതമെടുത്തും ഏദൻ ആപ്പിൾ ടോം ഏഴ് റൺസെടുത്തും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ സംബിത് ബാരലും മൂന്നു വിക്കറ്റ് വീഴ്ത്തിയ സായ്ദീപ് മൊഹാപാത്രയുമാണ് ഒഡീഷ ബൌളിങ് നിരയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷയ്ക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സ്കോർ ഏഴിൽ നില്‍ക്കെ പവൻ രാജാണ് ശുഭം നായിക്കിനെ പുറത്താക്കിയത്. എന്നാൽ 67 റൺസ് പിറന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഒഡീഷ ഇന്നിങ്സിന് മികച്ച അടിത്തറയായി. തുടരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരളം പിടി മുറുക്കിയെങ്കിലും മുൻതൂക്കം നിലനിർത്താനായില്ല. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓം, സാവൻ പഹരിയ എന്നിവർ ചേർന്ന് 129 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓം 83 റൺസോടെയും സാവൻ 68 റൺസോടെയും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം രണ്ട് വിക്കറ്റും പവൻ രാജ് ഒരു വിക്കറ്റും വീഴ്ത്തി.