വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി
ചേരമ്പാടി: വയനാട് തമിഴ്നാട് അതിര്‍ത്തിയായ ചേരമ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ആക്രമണം.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയില്‍ ചുങ്കം ജംഗ്ഷനില്‍ വെച്ചാണ് ആക്ഷന്‍ കമ്മിറ്റി വാഹനങ്ങള്‍ തടയുന്നത്. രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ നാലുമാസം മുമ്പാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. മൂന്നാര്‍ സ്വദേശികളായ അഴകമ്മ, ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രത്തില്‍ രാവിലെ ജോലിക്കെത്തിയപ്പോഴായിരുന്നു ഇരുവരെയും കാട്ടാന ആക്രമിച്ചത്. ഇവര്‍ മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മറയൂര്‍ കാന്തല്ലൂരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ തോമസ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.