Cancel Preloader
Edit Template

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെയും പ്രതി ചേര്‍ക്കും

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെയും പ്രതി ചേര്‍ക്കും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും പ്രതിയാകും. അടുത്തഘട്ടത്തിലെ കുറ്റപത്രത്തില്‍ വര്‍ഗീസിനെയും പ്രതി ചേര്‍ക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് വര്‍ഗീസിനെ പ്രതിയാക്കുക. തൃശൂര്‍ പൊറത്തിശ്ശേരിയില്‍ സി.പി.എമ്മിനായി സ്ഥലം വാങ്ങിയതില്‍ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്.

പാര്‍ട്ടിയുടെ 73 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍, തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ കണ്ടുകെട്ടി. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനാലാണ് പാര്‍ട്ടിയെ പ്രതി ചേര്‍ത്തതെന്ന് ഇ.ഡി അറിയിച്ചു.

സി.പി.എം ഉള്‍പ്പെടെ പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്. കരുവന്നൂര്‍ ബാങ്കിലെ അക്കൗണ്ടുകളിലൂടെ കടത്തിയ തുക സി.പി.എമ്മിനാണ് ലഭിച്ചതെന്ന് ഇ.ഡി അറിയിച്ചു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്ത് മരവിപ്പിക്കലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റേത്.

പൊറത്തിശേരിലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലെ മൂന്നുസെന്റ് സ്ഥലമാണ് കണ്ടുകെട്ടിയത്. ഓഫിസ് നിര്‍മിക്കാന്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥലമാണിത്. ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളും കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരില്‍ രണ്ടും, ബാക്കി ലോക്കല്‍ കമ്മിറ്റികളുടേതാണ് അക്കൗണ്ടുകള്‍.

അതേസമയം, കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടെന്നും ഇതേകുറിച്ച് ഒന്നും അറിയില്ലെന്നും എം.എം വര്‍ഗീസ് പ്രതികരിച്ചു.
ലോക്കല്‍ കമ്മറ്റി സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്. എന്താണ് നടക്കുന്നത് എന്നറിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. പറയുന്ന വാര്‍ത്ത ശരിയാണെങ്കില്‍ പാര്‍ട്ടിയെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *