കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്
കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്ക് കൂടിയതിൽ കേന്ദ്ര,കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു.
നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ്ജ് യാത്ര നിരക്ക് കുത്തനെ കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ നിരക്ക് വൻതോതിൽ ഉയർത്തിയതാണ് ഹജ്ജിന് ഒരുങ്ങുന്ന തീർഥാടകർക്ക് ഉള്ള ആശങ്ക. കേന്ദ്ര മന്ത്രിയെ വിഷയം ധരിപ്പിച്ചെങ്കിലും റീ ടെൻഡർ നടപടിയിലേക്ക് പോയാൽ നിയമ പ്രശ്നമാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.
അതേസമയംസംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയത് വലിയ പ്രതിഷേധമാണ് ഉയർത്തിരിക്കുന്നത്. ഇത്തവണ പതിനാലായിരത്തോളം തീർത്ഥാടകർ കരിപ്പൂർ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. യാത്രാ നിരക്ക് കൂടിയ സാഹചര്യത്തിൽ അപേക്ഷ മാറ്റി നൽകുക എളുപ്പമല്ല, വലിയ ബാധ്യതയാണ് കേന്ദ്ര സർക്കാരിന്റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാർക്കുണ്ടാക്കുക. കരിപ്പൂർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇത് കാരണമുള്ള അധിക ചിലവ് ചൂണ്ടിക്കാട്ടിയാണ് ടെണ്ടറിലൂടെ നിരക്ക് ഇരട്ടിയാക്കിയത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവ്വീസ് നടത്തുന്നത്. കണ്ണൂരിലും കൊച്ചിയിലും സർവ്വീസ് നടത്തുന്ന സൗദി എയർലൈൻസ് പകുതി തുക മാത്രമാണ് ഈടാക്കുന്നത്.