‘കള്ളപ്പണം മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ അവസരമൊരുക്കി’, പൊലീസിനെതിരെ കെ സുരേന്ദ്രൻ
പാലക്കാട്: ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം പാലക്കാട്ടെ ഹോട്ടലിൽ എല്ലാ മുറികളിലും പരിശോധന നടത്താതിരുന്നതിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി. പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്പദമാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. സിപിഎമ്മും ബിജെപിയും എന്തിന് ഗൂഢാലോചന നടത്തണമെന്നും അദ്ദേഹം ചോദിച്ചു.
പോലീസ് അന്വേഷണം നടത്തിയത് ഉചിതമായ രീതിയിൽ അല്ല. വനിതാ പോലീസിനെ വിന്യസിക്കാൻ തയ്യാറായില്ല. 40 മുറികളിൽ 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ബാക്കി മുറികളിൽ പരിശോധന നടത്താൻ യുഡിഎഫ് നേതാക്കൾ അനുവദിച്ചില്ല. പോലീസ് സേനയെ വിന്യസിച്ചു പരിശോധന നടത്തിയില്ല. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി പണം ഇറക്കി എന്നാണ് മൊഴി. എന്നാൽ ദൃക്സാക്ഷികളുടെ മൊഴിയെടുത്തില്ല. കള്ളപ്പണം സുരക്ഷിതമായി മറ്റൊരു മുറിയിൽ സൂക്ഷിക്കാൻ അവസരം ഒരുക്കിയത് പോലീസാണ്. പൊലീസിൻ്റെ പെരുമാറ്റം കൃത്യമായ നാടകം. സിസിടിവി പരിശോധിച്ച് വിവരം എടുക്കാൻ പൊലീസിന് സാധിക്കാത്തതാണോയെന്നും സുരേന്ദ്രൻ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട് എത്തിയതിൽ താൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.