നീതി ലഭിച്ചില്ല, അപ്പീൽ പോകും; പി ജയരാജൻ
കേസിൽ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പി ജയരാജൻ. കോടതി നടപടി ക്രമങ്ങളിൽ ആക്ഷേപം ഉണ്ടെന്നും ഈ ബെഞ്ച് കേസ് പരിഗണിക്കരുത് എന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് കേസിൽ നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ സംസ്ഥാനം അപ്പീൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒരു പ്രതികരണവും ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു.
കേസിൽ ഒരാളൊഴികെ ബാക്കി എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. കടിച്ചേരി അജി (1), ചിരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3) , പാര ശശി (4),എളംതോട്ടത്തിൽ മനോജ് (5), കുനിയിൽ സനൂബ് (6) , ജയപ്രകാശൻ(7), കൊവ്വേരി പ്രമോദ്(8) , തൈക്കണ്ടി മോഹനൻ (9) എന്നിവരുടെ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് വിധിച്ച ഹൈക്കോടതി, ഇയാളെ വിചാരണക്കോടതി ശിക്ഷിച്ച ചില കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ബാക്കി എട്ടു പ്രതികളെയും വെറുതെ വിട്ടു.
വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിമര്‍ശിച്ചാണ് കോടതി വിധി. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസത്തിലാണ് സിപിഎം നേതാവായ പി ജയരാജനെ അദ്ദേഹത്തിന്റെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വിചാരണ കോടതി കേസിൽ ആറ് പേരെ ശിക്ഷിച്ചിരുന്നു. പ്രതികളും സര്‍ക്കാരും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. ആർ എസ് എസ് ജില്ലാ കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ.