Cancel Preloader
Edit Template

സ്ലിം പേടകത്തിന് എന്ത് സംഭവിച്ചു ; ജപ്പാൻ ബഹിരാകാശ ഏജൻസിക്കുമുന്നിൽ വില്ലനായത് എന്ത്?

 സ്ലിം പേടകത്തിന് എന്ത് സംഭവിച്ചു ; ജപ്പാൻ ബഹിരാകാശ ഏജൻസിക്കുമുന്നിൽ വില്ലനായത് എന്ത്?

ചന്ദ്രനിൽ ബഹിരാകാശ പേടകം സ്ഥാപിക്കുന്ന അഞ്ചാമത്തെ രാജ്യം എന്ന നേട്ടം ജപ്പാൻ കൈവരിച്ചത് ഏറെ പ്രതീക്ഷയോടെയാണ്. എന്നാൽ ദൗത്യം വിജയം കാണില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

എന്താണ് ജപ്പാൻ ബഹിരാകാശ ഏജൻസിക്കുമുന്നിൽ വില്ലനായത്?

രണ്ട് ചാന്ദ്ര ദൗത്യങ്ങൾ പരാജയപ്പെട്ടശേഷമാണ് ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി ഇപ്പോഴത്തെ ചാന്ദ്രദൗത്യം വിജയകരമാക്കിയത്. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂണ്‍ (സ്ലിം) എന്ന പേടകം ചന്ദ്രന്റെ മധ്യരേഖയിൽനിന്ന് 100 മീറ്റര്‍ (330 അടി) അകലെയാണ് ലാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു (ജപ്പാന്‍ സമയം പുലര്‍ച്ചെ 12.20) പേടകം ചന്ദ്രനിലിറങ്ങിയത്.ലാൻഡില്‍ വന്ന പിഴവ് സ്ലിം പ്രോബിന്റെ ആയുസിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പേടകം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവശ്യമായ സൗരോര്‍ജം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ജപ്പാൻ വിക്ഷേപിച്ച സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ (SLIM) വെള്ളിയാഴ്ച ഏകദേശം 12:20 ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയെന്നും എന്നാൽ അതിന്റെ സോളാർ പാനലുകൾക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (JAXA) അറിയിച്ചു.നിലനിർത്താനായി അടി‌യന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ വിജയിക്കുമോ എന്നുറപ്പില്ല. ബാറ്ററിയെ മാത്രം ആശ്രയിച്ചതിനാൽ പേടകം ചന്ദ്രോപരിതലത്തിൽ നിന്ന് സ്വീകരിക്കുന്ന ഡാറ്റ ഭൂമിയിലേക്ക് കൈമാറുന്നതിനാണ് മുൻ​ഗണന നൽകിയതെന്ന് ജാക്സ ഗവേഷണ കേന്ദ്രം മേധാവി ഹിതോഷി കുനിനാക്ക പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബറിൽ ജപ്പാന്റെ മുൻനിര H-IIA റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മൂൺ സ്നിപ്പർ എന്നാണ് പേടകത്തെ വിശേഷിപ്പിച്ചിരുന്നത്.

ജാക്സ തൽസ്ഥിതിയിൽ തുടരുമെന്നും വെല്ലുവിളിയുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും സൂര്യപ്രകാശത്തിന്റെ ആംഗിളിലെ മാറ്റം അതിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ പാനലുകളിൽ പതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രനിൽ സൂര്യപ്രകാശത്തിന്റെ ആംഗിൾ മാറാൻ 30 ദിവസമെടുക്കുമെന്ന് കുനിനാക പറഞ്ഞു. അതിനിടെ, സ്ലിമ്മിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടതായി നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കി.

സിഗ്നൽ നഷ്ടം താത്കാലികമാണോ അതോ വൈദ്യുതി ലാഭിക്കുന്നതിനുള്ള നടപടിയാണോ എന്ന് വ്യക്തമല്ല. സ്ലിം ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ശക്തമായ ഉപകരണമായി മാറുമെന്ന് ജാക്‌സ പറയുന്നു. ഓക്സിജൻ, ഇന്ധനം, വെള്ളം എന്നിവയുടെ ഉറവിടം സംബന്ധിച്ച പഠനമാണ് സ്ലിം നടത്തുക. ട്രേസ് ഡാറ്റ നോക്കുമ്പോൾ സ്ലിം 100 മീറ്റർ കൃത്യതയോടെ ലാൻഡിംഗ് നേടിയിട്ടുണ്ടെന്നും കുനിനാക്ക പറഞ്ഞു.

ചൈനയെ നേരിടാൻ സഖ്യകക്ഷിയായ അമേരിക്കയുമായി സഹകരിച്ച് ബഹിരാകാശ രംഗത്ത് വലിയ പങ്ക് വഹിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങളുടെ ഭാ​ഗമായിരുന്നു ദൗത്യം. നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായി ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികനെ അയയ്ക്കാൻ ജാക്സ ലക്ഷ്യമിടുന്നു. എന്നാൽ ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ ദൗത്യങ്ങൾ അടുത്തിടെ തിരിച്ചടി നേരിട്ടിരുന്നു. പുതിയ മുൻനിര റോക്കറ്റ് എച്ച് 3 ന്റെ മാർച്ചിലെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ജാപ്പനീസ് സ്റ്റാർട്ടപ്പ് ഐസ്‌പേസ്, റഷ്യയുടെ ബഹിരാകാശ ഏജൻസി, അമേരിക്കൻ കമ്പനിയായ ആസ്ട്രോബോട്ടിക് എന്നിവയുടെ മൂന്ന് ചാന്ദ്ര ദൗത്യങ്ങൾ കഴിഞ്ഞ വർഷം പരാജയപ്പെട്ടു.

രണ്ട് റോബോട്ടുകൾ ഉൾപ്പെടുന്നതാണ് ജപ്പാന്റെ സ്ലിം ദൗത്യം. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള ഹോപ്പിങ് വാഹനവും പേടകങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിന് വേണ്ടി ബേസ്‌ബോളിന്റെ വലിപ്പമുള്ള വീല്‍ഡ് റോവറുമാണിവ. സോണി ഗ്രൂപ്പും കളിപ്പാട്ട നിര്‍മാതാക്കളായ ടോമിയും നിരവധി ജപ്പാനീസ് സര്‍വകലാശാലകളും ചേര്‍ന്നാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ന്റെ പകുതിയിൽ താഴെ മാത്രമായിരുന്നു ജപ്പാൻ പേടകത്തിന്റെ ഭാരം. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന, ഇന്ത്യ എന്നീ നാല് രാജ്യങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *