Cancel Preloader
Edit Template

പഹൽഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം; ഭീകരർ ഇനിയും പിടിയിലായിട്ടില്ല

 പഹൽഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം; ഭീകരർ ഇനിയും പിടിയിലായിട്ടില്ല

ദില്ലി: പഹൽഗാം ഭീകരാക്രണം നടന്നിട്ട് ഇന്ന് ഒരു മാസം. ജമ്മുകശ്മീരിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സംസ്ഥാനത്തെ സാധാരണ നിലയിലാക്കാനുമുള്ള നീക്കങ്ങളെയാകെ അട്ടിമറിക്കുന്നതായിരുന്നു പഹൽഗാമിൽ നടന്ന കൂട്ടക്കൊല. ഭീകരരെ അയച്ചവർക്ക് തിരിച്ചടി നൽകിക്കൊണ്ട് രാജ്യത്തുയർന്ന രോഷം കുറച്ചെങ്കിലും തണുപ്പിക്കാൻ കേന്ദ്രത്തിനായി. എന്നാൽ കൂട്ടക്കൊല നടത്തിയ ഭീകരർ ഇനിയും പിടിയിലായിട്ടില്ല. രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്തം ആർക്കെന്ന അന്വേഷണവും തൽക്കാലം എവിടെയും എത്തിയിട്ടില്ല.

ജമ്മുകശ്മീരിൽ നിന്ന് കഴിഞ്ഞമാസം 22ന് രണ്ടരയ്ക്ക് ശേഷം ആദ്യം പുറത്തുവന്നത് ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്ന വിവരമായിരുന്നു. എന്നാൽ പിന്നീടാണ് ഈ നിഷ്ഠൂര ആക്രമണത്തിൻ്റെ വ്യാപ്തിയും ഭീകരതയും വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അര മണിക്കൂർ ഭീകരതയഴിച്ചുവിട്ട ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞവരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. ആദ്യം ഉത്തരവാദിത്തം ഏറ്റെടുത്ത ടിആർഎഫ് എന്ന ലഷ്കർ ഇ ത്വയ്യിബ നിയന്ത്രിക്കുന്ന സംഘടന ഒരു ദിവസത്തിൽ നിലപാട് മാറ്റി.

ഭീകരാക്രണത്തിന് പിന്നാലെ ജമ്മുകശ്മീരിൽ ഉയർന്ന പ്രതിഷേധം ടിആർഎഫിനെ മാത്രമല്ല അവരെ പറഞ്ഞയച്ച ലഷ്കർ ഇ ത്വയ്യിബയേയും പാക് സേനയുടെ രഹസ്യാന്വേഷണ ഗ്രൂപ്പായ ഐസ്ഐയിലെ കൊലയാളികളെയും ഞെട്ടിച്ചു. കശ്മീരിൽ പ്രാദേശികമായി കിട്ടുന്ന പിന്തുണയുടെ കൂടി ഊർജ്ജത്തിലാണ് പാകിസ്ഥാൻ കേന്ദ്രീകൃത ഭീകര സംഘടനകൾ വളർന്നത്. ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇവിടുത്തെ ജനത മെല്ലെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ കശ്മീരികളിൽ വീണ്ടും പ്രതീക്ഷ ഉയർത്തിയിരുന്നു. ദില്ലിക്കും ശ്രീനഗറിലും ഇടയിലെ ദൂരം കുറഞ്ഞു തുടങ്ങിയിരുന്നു.

തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതും ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ വിവാദങ്ങളില്ലാതെ അധികാരത്തിൽ ഏറിയതും കശ്മീരിൻ്റെ വിനോദ സഞ്ചാര മേഖലയെ അടക്കം സഹായിച്ചു. ജനജീവിതം മെച്ചെപ്പെട്ടപ്പോഴാണ് അതിർത്തിക്കപ്പുറത്തെ ഗൂഢാലോചന വീണ്ടും സംസ്ഥാനത്തെ അഞ്ച് കൊല്ലം പിന്നോട്ട് കൊണ്ടു പോയിരിക്കുന്നത്. വിനോദ സഞ്ചാരികളെ രക്ഷിക്കാൻ നോക്കിയ കശ്മീരി യുവാവിനെയും ഭീകരർ വെറുതെ വിട്ടില്ല. മതം ചോദിച്ച് ആളുകളെ തരംതിരിച്ച് നിറുത്തി കൊലപ്പെടുത്തിയത് ദിവസങ്ങൾ നീണ്ട ആസുത്രണത്തിന് തെളിവായി ഭീകരരുടെ വീടുകൾ തകർത്തതിനോട് പോലും ഒരു വിഭാഗം കശ്മീരികൾ അനുകൂലമായി പ്രതികരിച്ചതും ഈ രോഷം കൊണ്ടായിരുന്നു. ജമ്മുകശ്മീർ സർക്കാരും കേന്ദ്രത്തിൻ്റെ എല്ലാ നീക്കങ്ങൾക്കും ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നു.

പഹൽഗാമിൽ സ്ത്രീകളുടെ സിന്ദൂരം മാഞ്ഞതിനും 26 പേരുടെ ശരീരത്തിൽ നിന്ന് ചിന്തിയ രക്തത്തിനും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേനകൾ ഭീകരർ സങ്കല്പിക്കാത്ത മറുപടിയാണ് നല്‍കിയത്. പിന്നീട് സേന നടത്തിയ ഓപ്പറേഷനിൽ പഹൽഗാമിലെ കൂട്ടക്കൊലയ്ക്ക് സഹായം നല്‍കിയ ഒരാളുൾപ്പടെ ആറ് ഭീകരരെ വകവരുത്തി. എന്നാൽ പഹൽഗാമിലെ കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും കശ്മീരിലെ കാടുകളിൽ ഒളിച്ചിരിക്കുകയാണ്. ഇവർ അതിർത്തി കടന്നോ എന്നതിലും വ്യക്തതയില്ല. ആയിരകണക്കിന് വിനോദ സഞ്ചാരികൾ വരുന്നിടത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലും ഇല്ലാതിരുന്നതിൻ്റെ വീഴ്ച ആർക്കെന്ന ചോദ്യത്തിനും ഉത്തരമായിട്ടില്ല. ഭീകരതയെ നേരിടാൻ ഏതറ്റം വരെയും പോകാനുള്ള യോജിച്ച വികാരം പ്രകടമാകുന്നതിലേക്ക് നയിച്ച നാളിനാണ് ഒരു മാസം പൂർത്തിയാകുന്നത്. ഭീകരവാദത്തിന് ഇരയായവരുടെ കുടുംബങ്ങൾ നടത്തിയ പക്വമായ പ്രതികരണങ്ങൾ രാജ്യം ഒരു കലാപത്തിലേക്ക് പോകുന്നത് തടഞ്ഞു എന്നതും രാജ്യത്തിന് ആശ്വാസം നല്‍കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *