ഇന്ന് മഴ കനക്കും; ജാഗ്രത നിർദേശം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത യെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,
കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും.
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ആയതിന്റെ വേഗത സെക്കൻഡിൽ 35 cm നും 60 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.