Cancel Preloader
Edit Template

യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; എണ്ണ സംഭരണ കേന്ദ്രങ്ങൾ കത്തുന്നു

 യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; എണ്ണ സംഭരണ കേന്ദ്രങ്ങൾ കത്തുന്നു

യെമനിലെ ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ഹുദൈദ തുറമുഖത്താണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. കനത്ത നാശനഷ്ടമുണ്ടായെന്നും എൺപതോളം പേർക്ക് പരിക്കുണ്ടെന്നും ഹൂതികൾ അറിയിച്ചു. നിരന്തരം തുടരുന്ന പ്രകോപനത്തിന് മറുപടിയാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂർവ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങൾക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു.

എഫ് 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അതേസമയം യെമന് നേരെയുള്ള ക്രൂരമായ കടന്നാക്രമണെന്നാണ് ഹൂതി വക്താവ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും ഒരു വൈദ്യുത ഉത്പാദന കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണമെന്നും പലസ്തീനികൾക്ക് തങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള സമ്മർദമാണ് ഈ ആക്രമണമെന്നും ഹൂതികൾ പറയുന്നു.

പരിക്കേറ്റവർ തുറമുഖത്തെ ജീവനക്കാരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തുറമുഖത്ത് നാല് കപ്പലുകൾ ആക്രമണം നടന്ന സമയത്തുണ്ടായിരുന്നു. ഇവയ്ക്ക് പുറമെ എട്ട് കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ടായിരുന്നു. ഈ കപ്പലുകൾക്കൊന്നും ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം ആക്രമണത്തിൽ തങ്ങൾ പങ്കാളിയല്ലെന്ന് അമേരിക്കൻ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *