കമാൻഡോ ആക്രമണം നടത്തി ഇസ്രയേൽ
വെസ്റ്റ് ബാങ്കിലെ ഇബ്ന് സിന ആശുപത്രിയിൽ കമാൻഡോ ആക്രമണം നടത്തി ഇസ്രയേൽ. ഡോക്ടർമാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേൽ കമാൻഡോകൾ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും തീവ്രവാദികളാണെന്നും അവരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ്
ഇസ്രയേൽ വിശദീകരണം.
എന്നാൽ മൂന്ന് പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയിൽ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേർ ഇസ്ലാമിക് ജിഹാദിന്റെയും. കൊല്ലപ്പെട്ട ബസേൽ അൽ ഗവാസി ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങൾ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയിൽ താത്കാലിക വെടിനിർത്തലിനുള്ള പുതിയ നിർദ്ദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കുന്നത്.
ഇസ്രായേൽ, യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ രൂപീകരിച്ച ചട്ടക്കൂട് ചർച്ചചെയ്യാൻ ക്ഷണം ലഭിച്ചെന്നും ഇസ്മായിൽ ഹനിയേ സ്ഥിരീകരിച്ചു. കൂടുതൽ ഇസ്രയേൽ ബന്ദികളെ വിട്ടയച്ചാൽ ആറ് ആഴചത്തെ വെടിനിർത്തൽ എന്നാണ് നിർദ്ദേശം. എന്നാൽ ഹമാസിൻ്റെ മുൻഗണന സ്ഥിരമായ വെടിനിർത്തലിനും ഇസ്രയേലിൻ്റെ പൂർണമായ പിൻമാറ്റത്തിനുമാണെന്ന് ഹനിയേ വ്യക്തമാക്കി. ‘സമ്പൂർണ വിജയം’ കൈവരിക്കാതെ യുദ്ധം പൂർണമായി അവസാനിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഒക്ടോബർ 7ന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 26,700ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.