13കാരന്റെ ആത്മഹത്യയിൽ അന്വേഷണം;സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കലവൂരിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരുന്ന 13 വയസുകാരൻ പ്രജിതിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രജിത് പഠിച്ചിരുന്ന സ്കൂളിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വരികയായിരുന്നു.ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ കാട്ടൂർ വിസിറ്റേഷൻ സ്കൂൾ അധികൃതർ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂൾ മൈക്കിൽ അനൗൺസ്മെന്റ് നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് കുട്ടികൾ തിരിച്ചെത്തിയത്.വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പ്രജിത് പറഞ്ഞെങ്കിലും അധ്യാപകർ ഇത് ചെവിക്കൊള്ളാൻ തയ്യാറായില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് കായിക അധ്യാപകനായ ക്രിസ്തു ദാസ് പ്രജിത്തിനെ ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയില്‍ പറയുന്നത്.
ഇതിന് ശേഷം രേഷ്മ,ഡോളി എന്നീ അധ്യാപകര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഇവരെ ശാസിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്തുവെന്നും പ്രജിത്തിന്റെ അച്ഛന് മനോജ് ആരോപിക്കുന്നു. കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് പോയതെന്ന് കുട്ടിയുടെ സഹപാഠികളും പറയുന്നു. പ്രജിത്തിന്റെ മൂത്ത സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് വിദ്യാർത്ഥിയെ യൂണിഫോമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എന്നാല്‍ ആരോപണങ്ങൾ എല്ലാം സ്കൂൾ അധികൃതർ പൂർണമായും നിഷേധിച്ചു. പിറ്റേ ദിവസം പിതാവിനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകർ പറഞ്ഞിട്ടുള്ളൂ എന്നാണ് പ്രധാന അധ്യാപിക സിസ്റ്റർ സോഫിയ നൽകിയ മറുപടി. ഇതോടെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുക്കുകയായിരുന്നു.