ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസ് വൈകിട്ട് 5:35ന് വിക്ഷേപിക്കും

ഇൻസാറ്റ്-3DS ഉപഗ്രഹം വിക്ഷേപിക്കാൻ തയ്യാറായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രയിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ സുപ്രധാന ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (Satish Dhawan Space Centre) നിന്ന് (SDSC-SHAR) വൈകുന്നേരം 5:35 ന് വിക്ഷേപിക്കും.
നിലവിലുള്ള ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR ഉപഗ്രഹങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ്-3DS.കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത മുന്നറിയിപ്പ് കഴിവുകൾക്കും ഗണ്യമായ സംഭാവന നൽകി അതുവഴി രാജ്യത്തുടനീളമുള്ള ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്താനും ഉപഗ്രഹം ഉപയോഗിക്കും.ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ (എംഒഇഎസ്) സഹകരണത്തോടെ നടത്തുന്ന വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ ശേഷിയിലെ സുപ്രധാനമായ മുന്നേറ്റമാണ്.
കാലാവസ്ഥാ നിരീക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനും കരയിലെയും, സമുദ്രത്തിലേയും പ്രതലങ്ങൾ നിരീക്ഷിക്കുന്നതിനും അതുവഴി കാലാവസ്ഥാ പ്രവചനവും ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇൻസാറ്റ്-3DS.ഈ ദൗത്യത്തിൻ്റെ വിജയകരമായ നിർവ്വഹണം കാലാവസ്ഥാ നിർണയത്തിന്റെ കഴിവുകൾ മാത്രമല്ല, സാമൂഹിക നേട്ടങ്ങൾക്കായി ബഹിരാകാശ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും എടുത്തുകാട്ടും.