ഷൂട്ടൗട്ടില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍

പാരീസ് ഒളിംപിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെതിരേ ഇന്ത്യക്ക് ജയം. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് പെനല്‍ട്ടി ഷൂട്ടൗട്ട് വേണ്ടിവന്നത്.
മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ കിടിലന്‍ സേവുകളാണ് ഇന്ത്യക്ക് സെമി പ്രവേശനം സാധ്യമാക്കിയത്. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്.
ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തിന്റെ 22ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 27ാം മിനിറ്റില്‍ ലീ മോര്‍ട്ടന്‍ ബ്രിട്ടനു സമനില സമ്മാനിച്ചു. തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ശ്രീജേഷിന്റെ സേവുകളുടെ കരുത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു.
സെമിയില്‍ ജര്‍മനിയെയോ അര്‍ജിന്റീനയെയോ ആണ് ഇന്ത്യന്‍ ടീമിന് നേരിടേണ്ടിവരിക.