ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി വലിച്ചിഴച്ച സംഭവം: പ്രതികള്‍ കസ്റ്റഡിയില്‍

കല്പറ്റ: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍. കാറിലുണ്ടായിരുന്ന നാലുപ്രതികളില്‍ കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹര്‍ഷിദ്, അഭിറാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കഴിഞ്ഞ ദിവസം പൊലിസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് കേരളത്തെ നടുക്കിയ സംഭവം. മാനന്തവാടി പയ്യംമ്പള്ളി കുടല്‍കടവ് ചെമ്മാട് ഉന്നതിയിലെ മാതന് (50) ആണ് അതിക്രമത്തിനിരയായത്. രണ്ടു വ്യത്യസ്ത കാറുകളിലായി കൂടല്‍ക്കടവ് ചെക്ക് ഡാം സന്ദര്‍ശിക്കാനെത്തിയവര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനു പിന്നാലെയാണ് ഒരു സംഘം മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.കേണപേക്ഷിച്ചിട്ടും വിടാതെ സഞ്ചാരികള്‍ മാതനെ റോഡില്‍ വലിച്ചിഴച്ചു.
ചെക്ക്ഡാമില്‍നിന്ന് മടങ്ങിയ സംഘം മാനന്തവാടിപുല്‍പ്പള്ളി റോഡില്‍ കൂടല്‍ക്കടവ് ജങ്ഷനില്‍ കെ.എല്‍ 52 എച്ച് 8733 നമ്പര്‍ കാര്‍ പാര്‍ക്ക് ചെയ്തു. ഇതില്‍ നിന്ന് ഇറങ്ങിയ ആള് എതിര്‍സംഘത്തെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയപ്പോള്‍ സമീപത്തെ കടയിലുണ്ടായിരുന്ന മാതന് ഉള്‍പ്പെടെ നാട്ടുകാര്‍ ഇടപെട്ടു. എതിര്‍സംഘം സഞ്ചരിച്ച കാര്‍ എത്തിയതോടെ വീണ്ടും വാക്കേറ്റമുണ്ടായി. കല്ലു പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ മാതന്റെ വലതുകൈ കാറിന്റെ വാതിലിനിടയില്‍പ്പെട്ടു. ഇതോടെ പ്രതികള്‍ കാര്‍ മുന്നോട്ടെടുത്തു. നാട്ടുകാര്‍ ഒച്ചവച്ചെങ്കിലും സംഘം കാര്‍ നിര്‍ത്തിയില്ല. അരക്കിലോമീറ്റര്‍ പിന്നിട്ട് ദാസനക്കര ജങ്ഷനില്‍ മാതനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
അരയ്ക്കു താഴെയും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ മാതനെ പിന്നാലെ എത്തിയ നാട്ടുകാരാണ് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.