ബംഗാളി നടിയുടെ പരാതിയില്‍ അന്വേഷണ ചുമതല എസ്. പി പൂങ്കുഴലിക്ക്

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതി എസ്. പി പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. നടിയുടെ പരാതിയില്‍ എടുത്ത കേസ് കൊച്ചി പൊലിസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
ബംഗാളി നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരിട്ട് വന്നില്ലെങ്കില്‍ ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്തും.
ശ്രീലേഖ മിത്രയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പൊലിസ് കേസെടുത്തത്. ഐ.പി.സി 354 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2009ല്‍ സിനിമയുടെ ചര്‍ച്ചക്കായി കൊച്ചി കടവന്ത്രയിലെ ഫഌറ്റില്‍ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ പരാതി നല്‍കിയത്. രഞ്ജിത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ടോടെ നടി കൊച്ചി പൊലിസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു. ആരോപണം നിഷേധിച്ച സംവിധായകന്‍ നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.