പ്രസവിച്ച ഉടനെ കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞു, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

കൊച്ചിയില്‍ നവജാത ശിശുവിനെ ഫഌറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കൊലപാതകമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മിഷണര്‍ വ്യക്തമാക്കി.
മകള്‍ ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം. പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് പറഞ്ഞു.
കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കൊറിയര്‍ വന്ന ഒരു കവറിലാണ്. ഈ കവര്‍ രക്തത്തില്‍ കുതിര്‍ന്ന നിലിലായിരുന്നു. ഒടുവില്‍ ഇതില്‍നിന്ന് ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തെടുത്താണു പൊലീസ് ഫ്‌ലാറ്റിലേക്ക് എത്തിയത്. ഒരു പൊതി ഫ്‌ലാറ്റിന്റെ വശത്തുള്ള മരങ്ങള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്നതു സിസിടിവിയില്‍ പതിഞ്ഞിരുന്നു.