Cancel Preloader
Edit Template

അനധികൃത കുടിയേറ്റം: ഇന്ത്യക്കാരേയും നാടു കടത്തി ട്രംപ്

 അനധികൃത കുടിയേറ്റം: ഇന്ത്യക്കാരേയും നാടു കടത്തി ട്രംപ്

വാഷിംഗ്ടണ്‍: യു.എസില്‍ നിന്നും ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യബാച്ച് കുടിയേറ്റക്കാരുമായി സി17 സൈനിക വിമാനം യു.എസില്‍നിന്ന് പുറപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ തന്നെ 18,000 ഇന്ത്യാക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ നേരത്തെ കയറ്റിയയച്ചിരുന്നു.

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുക, ഇവരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങി നാടുകടത്തല്‍ നീക്കത്തിന് കൂടുതല്‍ സൈനിക സഹായം ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരോട് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കുവെച്ചിരുന്നു. ‘അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും, പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്’ എന്ന് പിന്നാലെ ട്രംപ് പ്രതികരിക്കുകയും ചെയ്തിരുന്നു.

മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നും സൂചനയുണ്ട്. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നേരത്തെ വ്യക്തമാക്കിയത്.

2023 ഒക്‌ടോബറിനും 2024 സെപ്റ്റംബറിനുമിടയില്‍ 1,100ലധികം ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത കാലത്തായി യുഎസില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ബോര്‍ഡര്‍ ആന്‍ഡ് ഇമിഗ്രേഷന്‍ പോളിസി അസിസ്റ്റന്റ് സെക്രട്ടറി റോയ്‌സ് മുറെ കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *