സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്യണമെന്നും കുടിശിക അനുവദിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾ കാരണം സാമൂഹിക സുരക്ഷാ പെൻഷനുകൾ യഥാസമയം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സാമൂഹിക സുരക്ഷാ പെൻഷനെ ആശ്രയിക്കുന്നവർ ഭിന്നശേഷിക്കാരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പ്രതിമാസം ലഭിക്കുന്ന തുക മുടങ്ങുന്നത് ഇവർക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഉത്തരവിൽ പറയുന്നു.
പെൻഷൻ മുടങ്ങി ഭിന്നശേഷിക്കാരൻ ജീവനൊടുക്കി എന്ന തലക്കെട്ടിലുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.ചക്കിട്ടുപ്പാറ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ചക്കിട്ടുപ്പാറ പഞ്ചായത്തിലെ അഞ്ചാംവാർഡിൽ താമസിക്കുകയായിരുന്ന ജോസഫ് വളയത്തിന് സ്വന്തം നിലയിലും ഭിന്നശേഷിക്കാരിയായ മകളുടെ പേരിലും ഭിന്നശേഷി പെൻഷൻ ലഭിക്കുന്നുണ്ടായിരുന്നു. 5 മാസമായി തനിക്ക് പെൻഷൻ ലഭിക്കുന്നില്ലെന്നും 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും ജോസഫ് വളയത്ത് 2023 നവംബർ 9 ന് പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇക്കാര്യം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെയും കോഴിക്കോട് ജില്ലാ കളക്ടറെയും അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പെൻഷൻ വിതരണം ചെയ്യുന്ന മുറക്ക് ലഭിക്കുമെന്ന വിവരം ജോസഫ് വളയത്തെ അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത് നേരിട്ടായതിനാൽ ഇക്കാര്യത്തിൽ പഞ്ചായത്തിന് ഒരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ വിതരണം മുടങ്ങിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.