Cancel Preloader
Edit Template

തിരുവനന്തപുരത്തിന് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

 തിരുവനന്തപുരത്തിന് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സ്വർണ്ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച്  ഡിവൈഎസ്പി/  അസി. കമ്മീഷണർ  റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് അന്വേഷണം ഏൽപ്പിക്കണമെന്നും ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐ.ജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം. പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇര പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കണം. ജനറൽ ഡയറി, എഫ്.ഐ. ആർ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണം.

അങ്ങനെയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, ഔദ്യോഗിക / താമസ സ്ഥലം മേൽവിലാസങ്ങൾ എന്നിവ കമ്മീഷനെ അറിയിക്കണം. ഇരയുടെ മേൽവിലാസവും കമ്മീഷനെ അറിയിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം ജില്ലാ പോലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവി തന്റെ വിലയിരുത്തൽ ഉൾപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ജൂലൈ 3ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. 

Related post

Leave a Reply

Your email address will not be published. Required fields are marked *