വടകരയിൽ അതീവ ജാഗ്രത വേണമെന്ന് ഉന്നതതല നിർദ്ദേശം

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വടകരയിൽ അതീവ ജാഗ്രത വേണമെന്ന് നിർദേശം. ഡി.ജി.പി ഷേഖ് ദർ വേഷ് സാഹിബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് ഫലം വടകരയിലേതാണെന്നും കൂടുതൽ ശ്രദ്ധ ഈ മേഖലയിൽ ആവശ്യമാണെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന ഉന്നതരുടെ യോഗത്തിൽ ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. ആരു ജയിച്ചാലും ആഘോഷങ്ങൾ അതിരുവിടാനുള്ള സാധ്യതയേറെയാണ്. എതിർ കക്ഷികളെ പ്രലോഭിപ്പിക്കുക വഴി സംഘർഷത്തിനുള്ള സാധ്യതയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. ഇക്കാര്യങ്ങളുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ, ഉത്തരമേഖല ഐ.ജി കെ.സേതുരാമൻ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്,
കോഴിക്കോട് ജില്ലാ പൊലിസ് മേധാവി രാജ്പാൽ മീണ, വടകര റൂറൽ എസ്.പി ഡോ.അരവിന്ദ് സുകുമാർ, വയനാട് എസ്.പി ടി.നാരായണൻ, വടകര റൂറൽ, വയനാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ഡിവൈ.എസ്.പിമാരും യോഗത്തിലുണ്ടായിരുന്നു.