Cancel Preloader
Edit Template

കേന്ദ്ര സര്‍ക്കാര്‍ ദൗത്യം നിറവേറ്റി ശശി തരൂര്‍

 കേന്ദ്ര സര്‍ക്കാര്‍ ദൗത്യം നിറവേറ്റി ശശി തരൂര്‍

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ദൗത്യം നിറവേറ്റി ശശി തരൂര്‍ എംപി. റഷ്യ സന്ദർശനത്തിനിടെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തെക്കുറിച്ച് ശശി തരൂര്‍ വിശദീകരിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി ശശി തരൂർ ചർച്ച നടത്തി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം വിശദീകരിച്ചു. 

വിഷയത്തിൽ റഷ്യയുടെ പിന്തുണയും ശശി തരൂര്‍ തേടി. റഷ്യൻ വിദേശകാര്യ സമിതി ചെയർമാൻ കോൺസ്റ്റന്‍റിൻ കൊസ ഷേവുമായും തരൂർ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും ചർച്ചയായി. യാത്രക്ക് മുൻപും തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന.

മോദി സ്തുതി വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏൽപ്പിച്ച ദൗത്യം ശശി തരൂര്‍ പൂര്‍ത്തിയാക്കിയത്. അതേസമയം, ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നലെ രംഗത്തെത്തിയിരുന്നു. തരൂരിന്‍റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചത്.

പറയുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ജയിപ്പിച്ച് വിട്ട ജനങ്ങളോട് ഉത്തരവാദിത്തം കാട്ടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാട് കടുപ്പിച്ചു. ഹൈക്കമാ‍ന്‍‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പറക്കാന്‍ ആരോടും അനുവാദം ചോദിക്കരുതെന്നും ആകാശം ആരുടേതുമല്ലെന്നുമെഴുതിയ പക്ഷിയുടെ ചിത്രം സമൂഹമാധ്യമ പേജില്‍ പങ്ക് വെച്ചുകൊണ്ട് തരൂര്‍ ഒളിയമ്പെയ്തിരുന്നു.

മോദി സ്തുതിയുമായെഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ നടപടിയുണ്ടാകുമോയെന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യത്തോടാണ് തരൂരിനെ പരിഹസിച്ചുകൊണ്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മറുപടി നൽകിയത്. തരൂരിന്‍റെ ലേഖനം വായിച്ച് തലപുണ്ണാക്കാനില്ല. രാജ്യമാണ് ആദ്യമെന്ന നിലപാട് തന്നെയാണ് കോൺഗ്രസിന്‍റേതും. രാജ്യത്തിനായി യുദ്ധം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. നടപടിയുണ്ടാകുമോയെന്ന ചോദ്യം ഒഴിവാക്കി, ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് തരൂരിന്‍റെ ലേഖനം വായിച്ചില്ലെന്ന് ഖര്‍ഗെ പരിഹസിക്കുകയായിരുന്നു.

അതേ സമയം, ലക്ഷ്ണമണ രേഖയെ കുറിച്ച് നേരത്തെ ഓര്‍മ്മപ്പെടുത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിന്‍റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ചു. നേതൃത്വത്തിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമ പേജില്‍ പക്ഷിയുടെ ചിത്രമുള്ള കുറിപ്പ് തരൂര്‍ പങ്കുവെച്ചത്.

പറക്കാന്‍ ആരുടെയും അനുമതി ചോദിക്കരുത്. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ലെന്ന ചിത്രത്തിലെ വാക്കുകളിലൂടെ ആരുടെയും നിയന്ത്രണത്തിലല്ലെന്നും ആരും നിയന്ത്രിക്കേണ്ടെന്നുമുള്ള പരോക്ഷേ സന്ദേശമാണ് തരൂര്‍ നല്‍കിയത്. ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും, പാര്‍ട്ടിക്ക് വഴങ്ങി നില്‍ക്കാനുദ്ദേശിക്കുന്നില്ലെന്ന് കൂടി പറഞ്ഞ് വെയ്ക്കുകയാണ് തരൂര്‍.

Related post

Leave a Reply

Your email address will not be published. Required fields are marked *