അതി തീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ചു ജില്ലകളിൽ യല്ലോ അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശ്ശൂർ മുതൽ വയനാട് വരെ ഉള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഴയും ഒപ്പം ശക്തമായ കാറ്റും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നുണ്ട്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും അടുത്ത ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തും. ബീച്ചിലേക്കും കടൽ തീരങ്ങളിലേക്കും യാത്ര ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്താൻ ആലോചനയുണ്ട്.
ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്. ചക്രവാത ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യൂനമർദ്ദ പാത്തിയുണ്ട്. 50kmൽ കാറ്റ് വീശാനും സാധ്യത കാണുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലിൽ പോകരുത് എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദേശം.