Cancel Preloader
Edit Template

വയനാട്ടിലും കണ്ണൂരിലും കനത്ത മഴ, അതീവ ജാഗ്രതാ ; മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും

 വയനാട്ടിലും കണ്ണൂരിലും കനത്ത മഴ, അതീവ ജാഗ്രതാ ; മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത് . സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് imd മുന്നറിയിപ്പ് നൽകിയത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഈ ജില്ലകളിലും മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. വയനാട്ടിലും മട്ടന്നൂരിലും ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ മേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കി. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. 

കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴയിൽ വീടുകളിലേക്ക് വെളളം കയറിയിട്ടുണ്ട് . വിമാനത്താവളത്തിൽ നിന്നും വെളളം കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിൽ വെള്ളം കയറിയത് . ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റർ മഴയാണ് വിമാനത്താവള മേഖലയിൽ മാത്രം ലഭിച്ചത്. ഉരുവച്ചാൽ ശിവപുരം റോഡിൽ കടകളിലും വെളളം കയറിയിട്ടുണ്ട്.

വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശം നൽകി . സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കൺട്രോളുമായി ബന്ധപ്പെടാനാണ്   നിർദ്ദേശിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് ആയിരുന്ന ജില്ലയിൽ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ ഇല്ലെങ്കിലും ഉച്ചയ്ക്കുശേഷം തുടർച്ചയായി പലയിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്.

ഹോസ്റ്റലിന്‍റെ മതിൽ തകര്‍ന്നു

വയനാട്ടിൽ മലവെള്ളപ്പാച്ചിലിൽ സ്കൂൾ ലേഡീസ് ഹോസ്റ്റലിന്‍റെ മതിൽ തകർന്നു. നൂൽപ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മതിലാണ് തകർന്നത്.  ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തിൽ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതിൽ തകർന്നത്. തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി.

അതേസമയംമലമ്പൂഴ ഡാമിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് മുന്നറിയിപ്പ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ റൂൾ കർവ് ക്രമീകരിക്കുന്നതിനായി  മലമ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ നാളെ 07/10/2024  രാവിലെ എട്ടുമണിക്കാണ് തുറക്കുക . കൂടാതെ പവർ ജനറേഷനും ആരംഭിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *