കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴയെ തുടർന്ന തൃശൂർ, വയനാട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഇന്നു തുറന്നിരുന്നു.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാലും തെക്കു കിഴക്കൻ മധ്യ പ്രദേശിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.
മഴ രൂക്ഷമായതിനെത്തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സമീപ വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റിമീറ്റര്‍ വീതവും പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ ഏഴര സെന്റിമീറ്റര്‍ വീതവുമാണ് തുറന്നിട്ടുള്ളത്. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ മൂന്ന് സെന്റിമീറ്ററുകള്‍ കൂടി ഉയര്‍ത്തി നീരൊഴുക്ക് എട്ട് സെന്റിമീറ്ററാക്കി ക്രമീകരിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 15 സെന്റിമീറ്ററായി ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്
പത്താഴക്കുണ്ട്, ചീര്‍പ്പ്, മിണാലൂര്‍ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂര്‍ തോട് എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.