അമ്മയെ മക്കള്‍ നോക്കി നില്‍ക്കേ അയല്‍വാസി തീകൊളുത്തി കൊന്നു

വീട്ടമ്മയായ യുവതിയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി സുഹൃത്തായ യുവാവ് ജീവനൊടുക്കി. അഞ്ചല്‍ തടിക്കാട് ആണ് നാടിനെ നടുക്കിയ സംഭവം. തടിക്കാട് പൂവണത്തുംമൂട്ടില്‍ വീട്ടില്‍ ഉദയകുമാറിന്റെ ഭാര്യ സിബിമോള്‍ (37) കൊല്ലപ്പെട്ടത്. തടിക്കാട് പാങ്ങല്‍ കിഴക്കേത്തടത്തില്‍ വീട്ടില്‍ ബിജു (46) ആണ് സിബിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കുട്ടികളുമൊത്ത് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന സിബിയെ സ്‌കൂട്ടറിലെത്തിയ ബിജു വീട്ടിനുള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി റൂമിലിട്ട് പൂട്ടി തീ കൊളുത്തുകയായിരുന്നു.
കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും സിബിയുടെ ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് ജനറല്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മരിച്ച സിബിയും ബിജുവും മുമ്പ് സുഹൃത്തുക്കളായിരുന്നു. ഈസമയം സിബിയില്‍ നിന്നും ബിജു വാങ്ങിയ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് അഞ്ചല്‍ ഉദയകുമാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ തുക മടക്കി നല്‍കുമെന്ന് പൊലിസ് സ്റ്റേഷനില്‍ വച്ച് ബിജു എഴുതി നല്‍കുകയും ചെയ്തിരുന്നു.
തുക തിരികെ നല്‍കുമെന്ന പറഞ്ഞ തീയതി അടുത്തിരിക്കെയാണ് ദാരുണ സംഭവം. അഞ്ചല്‍ പൊലിസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. ഫൊറന്‍സിക് സംഘം ഉള്‍പ്പടെ ഇന്ന് സ്ഥലത്തെത്തും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ് എന്ന് അഞ്ചല്‍ പൊലിസ് അറിയിച്ചു