ദില്ലിയിലേക്കുള്ള കർഷക മാർച്ച് തടയാൻ ഹരിയാന സർക്കാർ നടത്തുന്നത് വൻ ഒരുക്കം

ചൊവ്വാഴ്ച രാജ്യതലസ്ഥാനമായ ദില്ലിയിലേക്കുള്ള കർഷക മാർച്ച് തടയാൻ ഹരിയാന സർക്കാർ നടത്തുന്നത് വൻ ഒരുക്കം. ഏഴ് ജില്ലകളിലെ മൊബൈൽ ഇൻ്റർനെറ്റ് കണക്ടിവിറ്റി താൽക്കാലികമായി റദ്ദാക്കി. മൊബൈൽ ഫോണുകളിൽ നൽകുന്ന ഡോംഗിൾ സേവനങ്ങളും നിർത്തിവെച്ചു. വോയ്‌സ് കോളുകൾ മാത്രമേ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില, പെൻഷൻ, ഇൻഷുറൻസ് പദ്ധതികളും ഉറപ്പുനൽകുന്ന നിയമം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഇരുന്നൂറിലധികം സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ ജില്ലകളിലെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ ചൊവ്വാഴ്ച രാത്രി വരെ നിർത്തിവച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്ന കർഷകർ ഹരിയാനയിൽ പ്രവേശിക്കാനാകില്ലെന്ന് ഉറപ്പാക്കാൻ ഹരിയാന-പഞ്ചാബ് അതിർത്തികൾ അടയ്ക്കാൻ പൊലീസ് സന്നാഹമൊരുക്കി. സാധാരണ യാത്രക്കാർക്കായി ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും പൊലീസ് അറിയിച്ചു. ഹരിയാനയ്ക്കും ദില്ലിക്കും ഇടയിലുള്ള അതിർത്തികളിൽ, കർഷകരെ തടയാൻ സിമൻ്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ജലപീരങ്കികളും ഡ്രോണുകളും എത്തിച്ചിട്ടുണ്ട്. ഹരിയാന പൊലീസിനെ സഹായിക്കാൻ 50 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന പൊലീസ് മേധാവി ശത്രുജീത് കപൂർ മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാർ പൂർണ സമാധാനം ഉറപ്പാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും പറഞ്ഞു. ചൊവ്വാഴ്‌ച റോഡുകൾ ഒഴിവാക്കണമെന്ന് ഹരിയാന പോലീസ് യാത്രക്കാരോട് നിർദ്ദേശിച്ചു. പ്രതിഷേധം മൂലം ഗതാഗതം തടസ്സപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.