പാതിവില തട്ടിപ്പ്: ആനന്ദകുമാറും പ്രതിയായേക്കും

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാറും മുഖ്യപ്രതിയാകും. കേസില്‍ പൊലിസ് കസ്റ്റഡിയിലുളള അനന്തു കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. അനന്തു തട്ടിയ പണത്തിന്റെ പങ്ക് ആനന്ദകുമാര്‍ പറ്റിയതായ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യാന്‍ പൊലിസ് ഒരുങ്ങുന്നത്.
ഇയാള്‍ക്ക് പുറമേ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും. നേരത്തെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയായിരുന്നു ആനന്ദകുമാര്‍.
പിരിച്ചെടുത്ത തുകയില്‍ നിന്ന് രണ്ട് കോടി രൂപ ആനന്ദകുമാറിന് നല്‍കിയെന്ന വിവരം അനന്തു കൃഷ്ണന്‍ പൊലിസിനോട് പങ്കുവച്ചിരുന്നു. തട്ടിപ്പ് വിവരങ്ങള്‍ അനന്തു പൊലിസിനോട് സമ്മതിച്ചിരുന്നു. അനന്തുവിന്റെ ബാങ്ക് രേഖകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ആനന്ദകുമാറാണ് എല്ലാ ജില്ലകളിലും എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചത് ആനന്ദകുമാറാണെന്നും പറയപ്പെടുന്നുണ്ട്.
പല ജില്ലകളില്‍ നിന്നും പൊലിസിന് ആനന്ദകുമാറിനെതിരേ പരാതി ലഭിച്ചതായാണ് വിവരം. പാലക്കാട് ജില്ലയില്‍ മാത്രം 300ലധികം പരാതികള്‍ നല്‍കിയതായാണ് അറിവ്. പണം കൈപ്പറ്റിയെന്ന് വ്യക്തമായതോടെ ആനന്ദകുമാറിന്റെ പങ്ക് അന്വേഷിക്കുന്നത് വേഗത്തിലാകും.
ആദ്യഘട്ടത്തില്‍ സംഘടനയുടെ പരിപാടികള്‍ക്ക് പ്രമുഖരെത്തിയത് ആനന്ദകുമാറിന്റെ അറിവോടെയാണെന്നാണ് വിവരം. തിരുവനന്തപുരത്ത് ആനന്ദകുമാറിനെതിരേ പൊലിസില്‍ പരാതി എത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന്‍ അല്ല ആനന്ദകുമാറാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിയിലുള്ളത്. അനന്തു കൃഷ്ണന്‍ അഞ്ച് സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, അനന്തുവിന്റെ വാട്‌സ്അപ്പ് ചാറ്റുകള്‍ വിശദമായി പരിശോധിച്ചുവരികയാണ്. എറണാകുളത്തെ ഒരു വില്ലയില്‍ നിന്നും ഓഫിസില്‍ നിന്നും രേഖകളും കണ്ടെടുത്തിട്ടുണ്ട്.