ഗ്യാന്‍വാപി മസ്ജിദ് പൂജ; പള്ളിക്കമ്മിറ്റി നല്‍കിയ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി പള്ളി നിലവറക്ക് മുമ്പില്‍ പ്രാര്‍ഥന നടത്താന്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് നല്‍കിയ അനുമതി തുടരും. ജില്ലാ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി സമർപ്പിച്ച ഹർജി ഇന്ന് അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് വിധി പ്രസ്താവിച്ചത്.”കേസിൻ്റെ മുഴുവൻ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികളുടെ വാദങ്ങൾ പരിഗണിച്ചതിന് ശേഷം, വാരാണസി ജില്ലാ ജഡ്ജി 17.01.2024 ലെ പുറപ്പെടുവിച്ച വിധിയിൽ ഇടപെടാൻ കോടതിക്ക് ഒരു കാരണവും കണ്ടെത്തിയില്ല. 31.01.2024 ലെ ഉത്തരവ് പ്രകാരം തെഹ്ഖാനയിൽ പൂജ നടത്താൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു,” ജസ്റ്റിസ് അഗർവാൾ വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.
ജനുവരി 31-ന് വാരണാസി കോടതി ജ്ഞാനവാപി പള്ളിയുടെ തെക്കൻ നിലവറയായ വ്യാസ് തെഹ്ഖാനയിൽ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന നടത്താമെന്ന് വിധിക്കുകയായിരുന്നു. ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ‘പൂജ’, ‘പൂജാരി’ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിർദ്ദേശിച്ചിരുന്നു.ഇതേത്തുടർന്ന്, വാരാണസിയിലെ മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമാൻ ഇൻ്റസാമിയ മസാജിദ് കമ്മിറ്റി ഫെബ്രുവരി ഒന്നിന് അലഹബാദ് ഹൈക്കോടതിയിൽ വാരാണസി കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹർജി നല്‍കി.
മസ്ജിദ് കമ്മിറ്റിയുടെ ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.’വ്യാസ് കാ തഹ്ഖാന’ എന്ന പേരിൽ പള്ളിസമുച്ചയത്തിന്റെ തെക്കേഭാഗത്തുള്ള നിലവറ 1993-ൽ മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയായിരിക്കെയാണ് പൂട്ടി മുദ്രവെക്കുന്നത്. ബാബറി മസ്ജിദ് തകർത്തതിന് തൊട്ടുപിന്നാലെ സംഘർഷ സാഹചര്യങ്ങള്‍ ഒഴിവാക്കാനായിരുന്നു മുലായത്തിന്റെ നീക്കം. മുപ്പത് വർഷത്തിന് ശേഷം അന്ന് സ്ഥാപിച്ച നിയന്ത്രണങ്ങള്‍ കോടതി ഉത്തരവോടെ മാറ്റി.നിലവറയിൽ പ്രാർത്ഥിക്കാൻ ഹിന്ദു ഭക്തർ പള്ളിയിൽ എത്താൻ തുടങ്ങിയതോടെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിന് സമീപമുള്ള പ്രദേശത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു സംഘടനയായ രാഷ്ട്രീയ ഹിന്ദു ദളിലെ അംഗങ്ങൾ പള്ളിക്ക് സമീപമുള്ള ഒരു ബോർഡിൽ ‘മന്ദിർ’ (ക്ഷേത്രം) എന്ന വാക്ക് ഒട്ടിച്ചു ചേർക്കുകയും ചെയ്തിട്ടുണ്ട്.
മസ്ജിദിൻ്റെ നിലവറയിൽ നാല് നിലവറകളുണ്ട്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന ഒരു പുരോഹിത കുടുംബത്തിൻ്റെ കൈവശമായിരുന്നു. വ്യാസ് കുടുംബാംഗമായ സോമനാഥ് വ്യാസ്, 1993-ൽ നിലവറ സീൽ ചെയ്യുന്നതിനുമുമ്പ് വരെ അതിൽ പ്രാർത്ഥന നടത്തിയിരുന്നുവെന്നുമാണ് ഹർജിക്കാരനും വ്യാസ് കുടുംബാംഗവുമായ ശൈലേന്ദ്ര പഥക് ഹർജിയിലൂടെ വാദിച്ചിരുന്നത്.