Cancel Preloader
Edit Template

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം: ഡോ. ശശി തരൂര്‍ എം.പി

 ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം: ഡോ. ശശി തരൂര്‍ എം.പി

കൊച്ചി: രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍ എം.പി. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് ബ്രിട്ടീഷ് കൗണ്‍സില്‍, നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലൂംമ്‌നി യൂണിയന്‍ യു.കെ, എഡ്‌റൂട്ട് എന്നിവര്‍ സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്- എജ്യുക്കേറ്റര്‍ മീറ്റിന്റെ ഭാഗമായി, ബ്രിട്ടീഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ ജാനക പുഷ്പനാഥന്‍ നടത്തിയ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ നടത്തിയ ഒരു സര്‍വെയില്‍ കേരളത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികളായ 66 ശതമാനം പേരും തൊഴില്‍ എടുക്കുന്നത് എന്‍ജിനീയറിങ് ഇതര രംഗത്താണെന്ന് കണ്ടെത്തിയിരുന്നു. തൊഴില്‍ വിപണിയിലെ ആവശ്യകതയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ള വിടവാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്‍ഡസ്ട്രിക്ക് അനുയോജ്യമായ നൈപുണ്യമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രീതിയില്‍ കാലഘട്ടത്തിന് അനുസരിച്ചുള്ള നൂതന വിദ്യാഭ്യാസമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യയില്‍ മുന്‍ കാലത്തെ അപേക്ഷിച്ച് നിരവധി ഓപ്പണ്‍, സ്വകാര്യ സര്‍വകലാശാലകള്‍ ഉയരുന്നുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമാണെന്നും ഇത്തരത്തിലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുനല്‍കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ മെറിറ്റ് അടിസ്ഥാനത്തിലുള്ള സ്‌കോളര്‍ഷിക്കുകള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരെ തിരികെ ഇന്ത്യയിലേക്ക് ക്ഷണിക്കേണ്ടതിന്റെ ആവശ്യകതയും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
വിദേശ വിദ്യാഭ്യാസം നേടിയ ശേഷം നമ്മുടെ യുവതലമുറ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇന്ത്യയിലാണ്. രാജ്യത്തിന്റെ വളരുന്ന സമ്പദ് വ്യവസ്ഥയില്‍ സംഭാവന ചെയ്യുവാന്‍ അവരെ പ്രാപ്തമാക്കണമെന്നും മികവ് തെളിയിക്കുന്നവര്‍ക്ക ഒരുപാട് സാധ്യതകളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ രാവിലെ പത്തിന് ആരംഭിച്ച മീറ്റ് യു.കെ പാര്‍ലമെന്റ് മുന്‍ അംഗം വീരേന്ദ്ര ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.പി, നാസാവു ചെയര്‍പേഴ്‌സണ്‍ സനം അരോര, എഡ്‌റൂട്ട് ഇന്റര്‍നാഷണല്‍ സിഇഒ മുസ്തഫ കൂരി, എഡ്‌റൂട്ട് ഡയറക്ടര്‍ ഷമീര്‍ മൂത്തേടത്ത്, കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സെഷനുകളിലായി വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധര്‍ വിദേശ വിദ്യാഭ്യാസം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആഗോളതലത്തിലെ മുന്‍നിര യൂണിവേഴ്‌സിറ്റിയായ ഇംപീരിയല്‍ ഉള്‍പ്പെടെ മുപ്പതോളം യൂണിവേഴ്‌സിറ്റികള്‍ മീറ്റില്‍ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *