Cancel Preloader
Edit Template

കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

 കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

എകരൂൽ (കോഴിക്കോട്): ഉണ്ണികുളം വനിതാ സഹകരണസംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുൻ സെക്രട്ടറി അറസ്റ്റിൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഷനിലായ ഇയ്യാട് സ്വദേശിനി പി.കെ. ബിന്ദുവിനെ (54)യാണ് ബാലുശ്ശേരി പോലീസ് ബുധനാഴ്ച വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്.

സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്‌ഷൻ കമ്മിറ്റിയുടെയും പരാതിയെത്തുടർന്നാണ് നടപടി. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം.

അതേസമയം, സഹകരണവകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ എത്രകോടിയുടെ തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് പോലീസ് അറിയിച്ചു. ബാലുശ്ശേരി എസ്.ഐ.മാരായ സുജിലേഷ്, ജയന്ത് എന്നിവരുടെ നേതൃത്വത്തിൽ സാലിക, മഞ്ജു, ലെനീഷ്, രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെ റിമാൻഡ് ചെയ്തു.

1992-ൽ രൂപവത്കരിച്ച കാലംമുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കുന്ന സൊസൈറ്റിയിൽ 2019-21 കാലയളവിലാണ് തട്ടിപ്പ് നടന്നത്. കൃത്രിമരേഖകളുണ്ടാക്കി വായ്പയെടുത്തും നിക്ഷേപങ്ങൾ സ്വീകരിച്ചും ബോണ്ടുകളിൽനിന്ന് വായ്പയെടുത്തും സൊസൈറ്റിയുടെ വരുമാനം വകമാറ്റിയുമെല്ലാമായിരുന്നു ഭരണസമിതി അറിയാതെയുള്ള തട്ടിപ്പ്.

13 ഇടപാടുകാരുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി 65 ലക്ഷത്തോളം രൂപ വായ്പയെടുക്കുകയും, അഞ്ച് ഇടപാടുകാരുടെ പേരിൽ കുറിവിളിച്ചെടുത്ത് പണംവാങ്ങി തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്തു. ബാങ്കിങ് ഇടപാടുകൾക്കൊപ്പം പേപ്പർബാഗ്, തുണിസഞ്ചി, ചണബാഗ്, ഫയലുകൾ, എക്‌സ്‌റേ-സ്‌കാനിങ് ഫിലിം കവറുകൾ തുടങ്ങിയവയുടെ നിർമാണയൂണിറ്റുകൂടി ഉൾപ്പെട്ട സൊസൈറ്റിയുടെ ഈയിനത്തിലെ വരുമാനവും വകമാറ്റപ്പെട്ടു. മുൻവർഷങ്ങളിലെ ഓഡിറ്റിങ്ങിലൊന്നും ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമായിരുന്നില്ല.

പ്രസിഡന്റ് കെ.പി. ഷൈനിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷം വായ്പത്തിരിച്ചടവ് മുടങ്ങിയവർക്ക് നോട്ടീസ് അയക്കുകയും തുടർന്ന് കണക്കുകൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് വർഷങ്ങളായി നടന്ന തട്ടിപ്പ് പുറത്തായത്.

Related post

Leave a Reply

Your email address will not be published. Required fields are marked *