Cancel Preloader
Edit Template

അമീബിക് മസ്തിഷ്‌ക ജ്വരം ഭേദമാക്കിയത് രാജ്യത്ത് ആദ്യം

 അമീബിക് മസ്തിഷ്‌ക ജ്വരം ഭേദമാക്കിയത് രാജ്യത്ത് ആദ്യം

കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ ജീവൻ രക്ഷിക്കാനായതിൻ്റെ അഭിമാനത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി. രോഗം നേരത്തെ തിരിച്ചറിയാൻ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോ.അബ്ദുൾ റൗഫ് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ രോഗം തിരിച്ചറിഞ്ഞതാണ് ഗുണകരമായത്. ജർമനിയിൽ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നൽകിയെന്നും അത് കുട്ടിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ് രോഗ വിമുക്തി നേടിയതെന്നും രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗ വിമുക്തി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിക്കാണ് രോഗം ഭേദമായത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടിക്ക് ലക്ഷണങ്ങൾ കണ്ട് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം തോന്നിയ ആരോഗ്യപ്രവ‍ർത്തകരാണ് കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്ക് അയച്ചത്. പിന്നീടാണ് കോഴിക്കോടുള്ള ബിഎംഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് വേണ്ടി ജര്‍മ്മനിയിൽ നിന്ന് മിൽറ്റൊഫോസിൻ എന്ന മരുന്ന് പ്രത്യേകമായി എത്തിച്ച് നല്‍കിയ ആരോഗ്യവകുപ്പ് കുട്ടിയെ ജീവൻ രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിൻ്റെ ഭാഗമായി. മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിലാണ് രോഗമുക്തി നേടി കുട്ടി വീട്ടിലേക്ക് മടങ്ങിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *