Cancel Preloader
Edit Template

വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ; കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും പേപ്പറും അടക്കം പിടിയിൽ

 വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ; കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും പേപ്പറും അടക്കം പിടിയിൽ

കൊച്ചി: കഞ്ചാവ് കേസിൽ ഇന്നലെ പിടിയിലായ റാപ്പര്‍ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പൊലീസ് എഫ്ഐആര്‍. റാപ്പർ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു. തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ആണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വേടന്‍റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്ന് എഫ്ഐആറില്‍ പറയുന്നു.

കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. വേടന് പുറമെ ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള,  പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് അറസ്റ്റിലായത്. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

അറസ്റ്റിലായി സ്റ്റേഷൻ ജാമ്യം കിട്ടിയ റാപ്പർ വേടന്‍ നിലവില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലാണ്. വേടന്‍റെ മാലയിൽ പുലിപല്ലുകൊണ്ടുള്ള ലോക്കറ്റ് കണ്ടെടുത്തതിന് പിന്നാലെയാണ് വനംവകുപ്പിന്‍റെ നടപടി. തനിക്ക് തമിഴ്നാട്ടിൽ നിന്ന് ഒരാധകൻ തന്നതാണെന്നാണ് വേടൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഈ കാര്യങ്ങൾ വനം വകുപ്പ് വിശദമായി അന്വേഷിക്കും. ആരാധകന് ഇത് എവിടെ നിന്ന് ലഭിച്ചുവെന്നും മൃഗവേട്ട അടക്കം നടന്നിട്ടുണ്ടോ എന്നുമാണ് പരിശോധിക്കുക. ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. കോടനാട്ടെ റേഞ്ച് ഓഫീസിൽ എത്തിച്ച വേടനെ ഇന്ന് 12 മണിക്ക് മുമ്പ് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. വേടന്‍റെ ഫ്ലാറ്റിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതിൽ പൊലീസ് കേസ് എടുത്തിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *