Cancel Preloader
Edit Template

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകി എക്സാലോജിക്

 എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകി എക്സാലോജിക്

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് കെഎസ്ഐഡിസിയുടെ കോർപറേറ്റ് ഓഫീസിൽ എസ്എഫ്ഐഒ സംഘം പരിശോധന നടത്തിയത്. സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്ഐഡിസിയിൽ എത്തിയത്. എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നല്‍കും.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിലാണ് കേന്ദ്രസർക്കാർ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *