Cancel Preloader
Edit Template

ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി 

 ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി 

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ, സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍. ചലച്ചിത്ര അക്കാദമി ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്കു മുന്നില്‍ അതിജീവിതകള്‍ നല്‍കുന്ന മൊഴികള്‍ ആരോപണ വിധേയര്‍ക്ക് നല്‍കുന്നതായാണ് ആരോപണം. അക്കാദമി മുന്‍ ജീവനക്കാരിയായ ശ്രീവിദ്യ ജെ യാണ് ആരോപണവുമായി രംഗത്തെത്തിയത്. അക്കാദമിയില്‍ നടക്കുന്നത് വഴിവിട്ട നീക്കങ്ങളാണെന്നും അവര്‍ ആരോപിച്ചു.

വര്‍ഷങ്ങളായി കുത്തഴിഞ്ഞ പ്രവര്‍ത്തനമാണ് ചലച്ചിത്ര അക്കാദമിയില്‍ നടക്കുന്നത്. അക്കാദമി ട്രഷറര്‍ ശ്രീലാല്‍, തെരുവുനായ്ക്കളെപ്പോലെയാണ് ഓഫിസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമാണ് അക്കാദമിയില്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്കാദമിയില്‍ എട്ട് വര്‍ഷത്തോളം ഫെസ്റ്റിവല്‍ സെക്ഷനിലെ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന ശ്രീവിദ്യ ഒരു മാസം മുമ്പാണ് രാജി വെച്ചത്.

അക്കാദമിയിലെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി എന്ന ഐ.സി.സി സംവിധാനത്തിന് രഹസ്യാത്മകതയില്ല. സ്ത്രീകള്‍ നല്‍കുന്ന പരാതികളും അവര്‍ നല്‍കുന്ന മൊഴികളും ആരോപണ വിധേയര്‍ക്ക് ലഭിക്കുന്നുവെന്നും ശ്രീവിദ്യ പറഞ്ഞു.

തെറ്റായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍, തന്നെ അക്കാദമിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചത് അക്കാദമി അംഗം കുക്കു പരമേശ്വരനാണ്. തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് ഒരുമാസം മുന്‍പ് രാജിവെച്ചത്. ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശ്രീവിദ്യ മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും അവന്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *