ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഇ.പി

ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട തനിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇ.പി ജയരാജന്‍. ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ചു. അല്‍പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ ചേരുമോ എന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജന്‍ തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോയെന്നും ഇ.പി ചോദിച്ചു.
ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്ന് ആവര്‍ത്തിച്ച ഇ.പി പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് അധികം ആയുസ്സില്ലെന്നും നിയമ നടപടിയെ കുറിച്ച് അനേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയതെന്നും പാര്‍ട്ടിയില്‍ ചേരാനിരുന്നതിന്റെ തലേന്നാണ് അദ്ദേഹം പിന്‍മാറിയതെന്നുമാണ് സോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.
ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടില്‍വെച്ചും പിന്നീട് ഡല്‍ഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂര്‍ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകള്‍ നടന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി.യില്‍ ചേരാന്‍ ഇ.പി.ക്ക് താത്പര്യമുണ്ട് എന്നുപറഞ്ഞ് നന്ദകുമാറാണ് ഈ നീക്കത്തിനു തുടക്കമിട്ടതെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. 2023 ജനുവരിയിലാണ് ഡല്‍ഹി ലളിത് ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടത്തിയതെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു കൂടിക്കാഴ്ച. ഹോട്ടലില്‍ സംസാരിച്ചിരിക്കെ ഇ.പിക്ക് ഫോണ്‍ വന്നു. അതോടെ അദ്ദേഹം ആകെ പരിഭ്രാന്തനായി. അന്ന് രാത്രി ഇ.പി തീരുമാനത്തില്‍ മാറ്റംവരുത്തി ശോഭ പറയുന്നു.
അതേസമയം, ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ പറഞ്ഞത്. കൂടിക്കാഴ്ചയില്‍ ഇ.പിക്ക് ഒരു റോളുമില്ല. ഇ.പിയുടെ മകന്റെ ഫ്‌ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. അതില്‍ ശോഭയില്ലായിരുന്നു. അവര്‍ക്കു പങ്കുമില്ല. ഇ.പി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലോ ഗള്‍ഫിലോ പോയിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.