സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി
കണ്ണൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ. ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് രാഷ്ട്രീയ ബോംബായി ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം പുറത്ത് വന്നിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങളില്‍ ആത്മകഥയില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇ.പിയുടെ ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം’ എന്ന ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തായത്.
എല്‍.ഡി.എഫ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പി. ജയരാജന്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന്‍ അവസരവാദിയാണെന്നാണ് പുസ്തകത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നത്. സ്വതന്ത്രര്‍ വയ്യാവേലിയാകുമെന്ന് ഓര്‍ക്കണമെന്നും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും സൂചിപ്പിക്കുന്നുണ്ട്.
പ്രകാശ് ജാവ്‌ദേകറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്. താന്‍ മാത്രമല്ല, പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫിലെ പല മുതിര്‍ന്ന നേതാക്കളും ജാവദേകറെ കണ്ടിട്ടുണ്ട്. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അത്. ഒന്നരവര്‍ഷത്തിന് ശേഷമാണ് കൂടിക്കാഴ്ച വിവാദമാക്കിയത്. പൊതുസ്ഥലത്ത് വെച്ച് ഒറ്റത്തവണ മാത്രമാണ് ശോഭ സുരേന്ദ്രനെ കണ്ടതെന്നും പുസ്തകത്തില്‍ പറയുന്നു.
ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ.പി. ജയരാജന്റെ കവര്‍ ചിത്രമുള്ള പുസ്തകമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥയെഴുതാന്‍ തീരുമാനിച്ചതായി ഇ.പി. നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് ഇ.പിയുടെ പ്രതികരണം. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് ഇ.പിയുടെ വിശദീകരണം.