ഇ.പി ഡല്‍ഹിയിലെത്തിയത് ബി.ജെ.പിയില്‍ ചേരാന്‍; ശോഭാ സുരേന്ദ്രന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ബി.ജെ.പിയില്‍ ചേരാനുറച്ചാണ് ഇ.പി ഡല്‍ഹിയിലെത്തിയതെന്നാണ് ശോഭയുടെ ആരോപണം. ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേന്നാണ് അദ്ദേഹം പിന്‍മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടില്‍വെച്ചും പിന്നീട് ഡല്‍ഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂര്‍ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകള്‍ നടന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി.യില്‍ ചേരാന്‍ ഇ.പി.ക്ക് താത്പര്യമുണ്ട് എന്നുപറഞ്ഞ് നന്ദകുമാറാണ് ഈ നീക്കത്തിനു തുടക്കമിട്ടതെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനം ലഭിക്കാത്തതില്‍ ദുഃഖവും അമര്‍ഷവും ഇ.പിക്കുണ്ടായിരുന്നു. തന്നെക്കാള്‍ ജൂനിയറായ എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയും ഇ.പി പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതല്‍ സഹിച്ചതു താനാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മുതിര്‍ന്ന നേതാക്കളിലൊരാളെ വിശദമായി ധരിപ്പിച്ചു. അവിടുന്ന് അനുകൂലസൂചന ലഭിച്ചതിനുശേഷമാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.
ഇടയ്ക്ക് ഫോണ്‍ വന്നപ്പോള്‍ അദ്ദേഹം ടെന്‍ഷനിലായെന്നും പിന്‍മാറിയെന്നുമാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ആരാണ് വിളിച്ചതെന്ന് അറിയില്ല- ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇ.പിയുമായുള്ള സംഭാഷണങ്ങള്‍ നന്ദകുമാര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
2023 ജനുവരിയിലാണ് ഡല്‍ഹി ലളിത് ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടത്തിയതെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു. ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു കൂടിക്കാഴ്ച. ഹോട്ടലില്‍ സംസാരിച്ചിരിക്കെ ഇ.പിക്ക് ഫോണ്‍ വന്നു. അതോടെ അദ്ദേഹം ആകെ പരിഭ്രാന്തനായി. അന്ന് രാത്രി ഇ.പി തീരുമാനത്തില്‍ മാറ്റംവരുത്തി ശോഭ പറയുന്നു.