ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി
കൊച്ചി: ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിലും വ്യത്യസ്ത സ്വഭാവത്തിലുള്ള ഭൂമിയാണെങ്കിലും ഉടമകള്‍ക്ക് ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുക ഉയര്‍ത്തി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് എസ്.ഈശ്വരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിനായി കുന്നത്തുനാട് വില്ലേജില്‍ ഏറ്റെടുത്ത 100 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥര്‍ നല്‍കിയ അപ്പീല്‍ ഹർജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 2007 സെപ്റ്റംബര്‍ 20ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഭൂമി ഏറ്റെടുക്കുകയുമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ചിലര്‍ ഭൂമി നല്‍കി. എന്നാല്‍, നഷ്ടപരിഹാരം കുറഞ്ഞതിന്റെ പേരില്‍ ചില ഭൂവുടമകള്‍ കോടതിയെ സമീപിച്ചു. ഹർജി കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സബ്‌കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 34 ഭൂവുടമകളാണ് അപ്പീല്‍ ഹർജി നല്‍കിയത്.
നികത്ത് ഭൂമിയും നിലവും കര ഭൂമിയുമടക്കം വിവിധ തരത്തിലുള്ള ഭൂ പ്രദേശങ്ങളാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തതെന്നും മുമ്പ് നടന്ന വില്‍പന പരിശോധിച്ച് ഓരോന്നിന്റെയും വില കണക്കാക്കിയാണ് തുക വ്യത്യസ്തമായി അനുവദിച്ചതെന്നുമായിരുന്നു എതിര്‍കക്ഷികളുടെ വാദം. എന്നാല്‍, ഈ വാദം നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിംകോടതി വിധിയടക്കം ഉദ്ധരിച്ച് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.