Cancel Preloader
Edit Template

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി അയയുന്നു

 കേരളത്തിലെ വൈദ്യുതി പ്രതിസന്ധി അയയുന്നു

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ദിവസങ്ങള്‍ക്കു ശേഷം 10 കോടി യൂനിറ്റില്‍ താഴെയായി. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 9.88 കോടി യൂനിറ്റായിരുന്നു ഉപയോഗം. പീക്ക് ലോഡ് ഡിമാന്റ് 4976 മെഗാവാട്ടായി കുറഞ്ഞത് വൈദ്യുതി ബോര്‍ഡിന് ആശ്വാസമായി.

വേനല്‍ മഴയും വൈദ്യുതി ബോര്‍ഡിന്റെ വ്യാപക ബോധവത്കരണവുമാണ് വൈദ്യുതി ഉപയോഗം കുറച്ചത്. കരുതല്‍ ശേഖരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതോല്‍പാദനവും കുറച്ചു. 11.5311 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. കഴിഞ്ഞ ആഴ്ചകളില്‍ 20 ദശലക്ഷം യൂനിറ്റിന് മുകളിലായിരുന്നു ജലവൈദ്യുതി ഉല്‍പാദനം. പ്രതിദിന വൈദ്യുതി ഉപയോഗം 11.56 കോടി യൂനിറ്റ് വരെയും പീക്ക് ലോഡ് ഡിമാന്റ് 5797 മെഗാവാട്ട് വരെയും ഉയര്‍ന്നിരുന്നു.

ഷോളയാര്‍, ഇടമലയാര്‍, പൊന്മുടി, പെരിങ്ങല്‍കുത്ത് ഒഴികെയുള്ള അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ മഴ പെയ്തു. ഇടുക്കി 23.2 മില്ലിമീറ്റര്‍ പമ്പ 48, കക്കി 11, കുണ്ടള 16.2, മാട്ടുപ്പെട്ടി 2, കുറ്റ്യാടി 2, തര്യോട് 1.2, ആനയിറങ്കല്‍ 2, കല്ലാര്‍കുട്ടി 20, ലോവര്‍പെരിയാര്‍ 3, കക്കാട് 54 മില്ലിമീറ്റര്‍ മഴ ഇന്നലെ രേഖപ്പെടുത്തി.

3.776 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തി. 1281.008 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നത്. മൊത്തം സംഭരണ ശേഷിയുടെ 31 ശതമാനമാണിത്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 34 ശതമാനം വെള്ളമുണ്ട്.

സംസ്ഥാനത്തെ വേനല്‍ മഴയില്‍ 57 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. കോട്ടയം ജില്ലയില്‍ മാത്രമാണ് സാധാരണ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍ ഇങ്ങനെയാണ്. ആലപ്പുഴ 42, കണ്ണൂര്‍ 83, എറണാകുളം 40, ഇടുക്കി 71, കാസര്‍കോഡ് 72, കൊല്ലം 62, കോഴിക്കോട് 89, മലപ്പുറം 84, പാലക്കാട് 54, പത്തനംതിട്ട 37, തിരുവനന്തപുരം 45, തൃശൂര്‍ 64, വയനാട് 51 ശതമാനം.

Related post

Leave a Reply

Your email address will not be published. Required fields are marked *