Cancel Preloader
Edit Template

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില; രണ്ടാം ഇന്നിങ്‌സില്‍ രോഹന് അര്‍ദ്ധ സെഞ്ച്വറി

 രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില; രണ്ടാം ഇന്നിങ്‌സില്‍ രോഹന് അര്‍ദ്ധ സെഞ്ച്വറി

ലഹ്‌ലി: രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ സമനിലയില്‍ തളച്ച് കേരളം. ലഹ്‌ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 127 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.ഇതോടെ 253 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയില്‍ എത്തിയപ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു.ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റും ഹരിയാനയ്ക്ക് ഒരു പോയിന്റും ലഭിച്ചു.
ഏഴിന് 139 എന്ന നിലയില്‍ അവസാന ദിനം മത്സരത്തിനിറങ്ങിയ ഹരിയാനയെ 164 ന് പുറത്താക്കിയാണ് കേരളം രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. ബേസില്‍ തമ്പിയും നിധീഷ് എം.ഡിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ബേസില്‍ എന്‍.പി രണ്ടു വിക്കറ്റും സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ അര്‍ദ്ധസെഞ്ച്വറി നേടി. 91 പന്തി നേരിട്ട രോഹന്‍ ഒരു സിക്‌സും ആറു ഫോറും ഉള്‍പ്പെടെയാണ് 62 റണ്‍സ് നേടിയത്. സച്ചിന്‍ ബേബി 42 റണ്‍സും സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ കേരളത്തിന് മികച്ച സ്‌കോര്‍ നല്‍കിയതോടെ ഹരിയാനയുടെ പ്രതീക്ഷ അസ്തമിച്ചു. സ്‌കോര്‍ 79 ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ എത്തിയ അക്ഷയ് (2) സ്‌കോര്‍ 95 ല്‍ എത്തിയപ്പോള്‍ പുറത്തായി. തുടര്‍ന്ന് മുഹമ്മദ് അസറുദ്ദീനുമായി ചേര്‍ന്നാണ് രോഹന്‍ സ്‌കോര്‍ 125 എത്തിച്ചത്. എസ് പി കുമാറും, ജെജെ യാദവുമാണ് ഹരിയാനയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന 28 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് കേരളം വീഴ്ത്തി. ബേസിന്‍ എന്‍.പിയും അക്ഷയ് ചന്ദ്രനുമാണ് വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡോടെ സമനില നേടിയപ്പോള്‍ 18 പോയിന്റുമായി കേരളം ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *